കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി കൂടുതല്‍ ‘ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്’ സര്‍ക്കാര്‍’. പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്ന റോഡിലെ കര്‍ശന പരിശോധനകളും നോട്ടീസ് അയയ്ക്കലും നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനുള്‍പ്പെടെ നിര്‍ദേശം നല്‍കാനൊരുങ്ങുകയാണു സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചര്‍ച്ചകള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആരംഭിച്ചു. പൊതുവേ നിരത്തുകളില്‍ നിയമലംഘനങ്ങളില്പെട്ട് വലിയ തുക പലര്‍ക്കും പിഴയായി വരുന്നുണ്ട്.
എഐ കാമറകളും ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനയും സര്‍ക്കാരിനെതിരേ പെതുജനങ്ങളുടെ വികാരം ഉയര്‍ത്തുന്നുണ്ട്. ഇതുകൂടി മുന്നില്‍ കണ്ട് തദ്ദേശതെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ചിന്തിക്കുന്നത്.
വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സര്‍ക്കാരിന്, എഐ കാമറവഴി നിയമലംഘനം കണ്ടെത്തി അതുവഴി ലഭിക്കുന്ന പിഴത്തുക ഏറെ ആശ്വാസമായിരുന്നു. ഇതിനുമപ്പുറത്ത് റോഡിലിറങ്ങി ‘ക്വോട്ട’തികയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ഇറങ്ങിയതോടെ മോട്ടോര്‍ വാഹന വകുപ്പിനെതിരായ വികാരം കൂടുതല്‍ ശക്തമായി.
നിലവില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ പൊതുജനങ്ങളുടെ രോഷം ഏറെ എറ്റുവാങ്ങേണ്ടിവരുന്ന വകുപ്പായി മോട്ടോര്‍ വാഹന വകുപ്പ് മാറിയെന്നാണ് വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ പരിശോധന ഒന്ന് ചവിട്ടിപ്പിടിക്കാനാണ് തീരുമാനം. വാഹന പരിശോധനയുടെ പേരില്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനും ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചയുണ്ട്.